
ടേക്ക് ഓഫിന് തൊട്ടുമുമ്പ് മുമ്പ് വിമാനത്തിന് തീപിടിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിൽ നിന്നും പുറത്തുചാടി. അമേരിക്കയിലെ ഫ്ലോറിഡയിലെ ഡെൻവർ വിമാനത്താവളത്തിലാണ് സംഭവം. ഫ്ലോറിഡയിലെ മിയാമിയിലേക്ക് പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനമായ AA3023 ലെ ബോയിംഗ് 737 മാക്സ് 8 വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിന് തീപിടിച്ചതിനെത്തുടർന്ന് എല്ലാ യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്നും ഒരാൾക്ക് നിസ്സാര പരുക്കേറ്റു എന്നുമാണ് റിപ്പോർട്ട്.
പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിൽനിന്ന് താഴേക്ക് ഇറങ്ങുന്നതും ലാൻഡിങ് ഗിയറിൽ തീ കത്തുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോകളിൽ കാണാം. പ്രദേശമാകെ പുക നിറഞ്ഞു. വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നതിനിടെ ലാൻഡിങ് ഗിയറിന് തകരാർ സംഭവിച്ചതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു. യാത്രക്കാരെ റൺവേയിൽ ഇറക്കിയ ശേഷം ബസുകളിൽ ടെർമിനലിലേക്ക് കൊണ്ടുപോയി. തീപിടിത്തത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും എഫ്എഎ വ്യക്തമാക്കി.
വിമാനം റൺവേയിലായിരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് ഡെൻവർ എയർപോർട്ട് പ്രസ്താവനയിൽ അറിയിച്ചു. ലാൻഡിങ് ഗിയറിന്റെ ടയറിന് ‘സാങ്കേതിക തകരാർ’ ഉണ്ടായതായി അമേരിക്കൻ എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു. വിമാനം പരിശോധനകൾക്കായി മാറ്റി.











